കൊച്ചി: ദേശീയപാതാ നിര്‍മാണം, പശ്ചാത്തല സൗകര്യ വികസനം എന്നിവയില്‍ തന്ത്രപ്രധാന സഹകരണത്തിനൊരുങ്ങി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). മേഖലയിലെ മുന്‍നിര കമ്പനികളായ ടിക്കി ടാര്‍ ഇന്‍ഡസ്ട്രീസ്, ഷെല്‍ ഗ്യാസ് ബിവി എന്നീ കമ്പനികളുമായിട്ടാണ് ബിപിസിഎല്‍ കരാറിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് മാല പരിയോജന പോലുള്ള അടിസ്ഥാന വികസന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും റോഡ്, റണ്‍വേ നിര്‍മാണ മേഖലയെ ആധുനികവല്‍ക്കരിക്കുകയുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ വികസനം ഉറപ്പാക്കുന്ന പങ്കാളിത്തത്തിലൂടെ, പോളിമര്‍ മോഡിഫൈഡ് ബിറ്റുമിന്‍ (പിഎംബി), ക്രമ്പ് റബര്‍ മോഡിഫൈഡ് ബിറ്റുമിന്‍ (സിആര്‍എംബി) ബിറ്റുമിന്‍ എമല്‍ഷനുകള്‍ തുടങ്ങിയ മൂല്യവര്‍ധിത ബിറ്റുമിന്‍ ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കും. കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാന്‍ പര്യാപ്തമായതും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതുമായ ഇത്തരം ബിറ്റുമിന്‍ ഉത്പന്നങ്ങള്‍ റോഡുകള്‍, റണ്‍വേകള്‍ എന്നിവയുടെ നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കാറുണ്ട്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഉത്പന്ന നിര്‍മാണ സമയത്തെ അവശിഷ്ടങ്ങള്‍ പുനരുപയോഗം ചെയ്യുന്ന രീതിയില്‍ പുത്തന്‍ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്നും ബിപിസിഎല്‍ അറിയിച്ചു. ഇതിനായി ഷെല്‍ ഗ്യാസ് ബിവിയുടെ ആധുനിക സാങ്കേതിക പരിജ്ഞാനവും ഗവേഷണ മികവും പ്രയോജനപ്പെടുത്തും. ബിപിസിഎല്ലിന്‍റെ വിപുലമായ വിതരണ സംവിധാനങ്ങള്‍ക്കുപുറമെ, രാജ്യത്തെ തന്ത്രപ്രധാനമായ ആറ് ഇടങ്ങളിലുള്ള ടിക്കി ടാറിന്‍റെ ലോജിസ്റ്റിക് ശൃംഖലയും ഒത്തുചേരുന്നതോടെ വന്‍കിട പദ്ധതികള്‍ കൃത്യസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും. രാജ്യത്തിന്‍റെ പശ്ചാത്തല വികസനം അതിവേഗത്തിലാണ് പുരോഗമിക്കുന്ന ഘട്ടത്തില്‍ തന്ത്രപ്രധാനമായ പങ്കാളിത്തമാണ് ടിക്കി ടാര്‍ ഇന്‍ഡസ്ട്രീസ്, ഷെല്‍ ഗ്യാസ് ബിവി കമ്പനികളുമായി നടത്തുന്നതെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് ഖന്ന അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങളുടെ കൂട്ടായ സംരംഭമാണ് യാഥാര്‍ഥ്യമായതെന്ന് ടിടിഎസ്ഐപില്‍ ചെയര്‍മാനും ഷെല്‍ ഏവിയേഷന്‍ പ്രസിഡന്‍റുമായ രമ? ഓജ പറഞ്ഞു.

No comments:
Post a Comment