Thursday, 2 July 2026

കാന്‍ഡിയറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി സ്മൃതി മന്ദാന



ഷാരൂഖ് ഖാനൊപ്പം ബ്രാന്‍ഡിന്‍റെ മുഖമായി ഇനി സ്മൃതിയും


 



കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാന്‍ഡായ കാന്‍ഡിയര്‍, പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്‍റെ മുഖമായി ഷാരൂഖ് ഖാനൊപ്പം ചേരുന്ന സ്മൃതിയുടെ സാന്നിധ്യം, ആധുനിക ഇന്ത്യയിലെ യുവ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കാന്‍ഡിയറിന്‍റെ യാത്രയിലെ സുപ്രധാനമായ കാല്‍വെപ്പാണ്.


 


ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ സ്മൃതി, തന്‍റെ നേട്ടങ്ങളിലൂടെയും സ്ഥിരതയിലൂടെയും ആത്മാര്‍ത്ഥതയിലൂടെയും പ്രേക്ഷകരുമായി ശക്തമായൊരു ബന്ധം കെട്ടിപ്പടുത്തിട്ടുണ്ട്. രാജ്യത്തുടനീളം വനിതാ ക്രിക്കറ്റിന് ജനപ്രീതിയും ശ്രദ്ധയും ഏറിവരുന്ന ഈ സാഹചര്യത്തില്‍, സ്മൃതിയുമായുള്ള കാന്‍ഡിയറിന്‍റെ  സഹകരണം ബ്രാന്‍ഡിന്‍റെ പുതിയ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കും. ആഭരണങ്ങളെ കേവലം വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കാനുള്ള ഒന്നായല്ല, മറിച്ച് ദൈനംദിന ജീവിതത്തിന്‍റെ സ്വാഭാവിക ഭാഗമായി കാണുന്ന ഉപഭോക്താക്കളിലാണ് ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


 


സ്മൃതി മന്ദാനയുടെ സ്വാധീനം ക്രിക്കറ്റ് മൈതാനത്തിനും അപ്പുറമാണെന്നും ലക്ഷ്യബോധം, ആത്മാര്‍ത്ഥത, ആത്മവിശ്വാസം എന്നിവയ്ക്ക് വില കല്പിക്കുന്ന തലമുറയെയാണ് അവര്‍ പ്രതിനിധീകരിക്കുന്നതെന്നും കാന്‍ഡിയര്‍ ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. നേട്ടങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും ദശലക്ഷക്കണക്കിന്‍ ആളുകള്‍ക്ക് അവര്‍ പ്രചോദനമായി മാറിയിരിക്കുന്നു. ഷാരൂഖ് ഖാനൊപ്പം കാന്‍ഡിയറിന്‍റെ  മുഖമായി സ്മൃതിയേയും സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെയും ഉപഭോക്താക്കള്‍ തങ്ങളെത്തന്നെ പ്രകടിപ്പിക്കുന്ന വ്യത്യസ്ത രീതികളെയുമാണ് ഇരുവരും പ്രതിഫലിപ്പിക്കുന്നത്. കാന്‍ഡിയര്‍ ഒരു ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായി വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍, സ്മൃതിയുമായുള്ള ഈ സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


 


ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച്, ദൈനംദിന വസ്ത്രധാരണത്തിന്‍റെ ഭാഗമായ ആഭരണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് കാന്‍ഡിയര്‍ ആഭരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രവൃത്തിദിനങ്ങള്‍, വാരാന്ത്യങ്ങള്‍, ആഘോഷങ്ങള്‍, ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ എന്നിവയിലെല്ലാം ഒരുപോലെ ഇണങ്ങുന്ന തരത്തിലുള്ള സമകാലിക ആഭരണ രൂപകല്പനകളാണ് കാന്‍ഡിയറിന്‍റേത്. ഇത് ഉപഭോക്താക്കള്‍ക്ക്  എപ്പോഴും കൂടുതല്‍ എളുപ്പത്തിലും അര്‍ത്ഥവത്തായും ആഭരണങ്ങള്‍ ധരിക്കാന്‍ അവസരമൊരുക്കുന്നു.


 


ഇന്നത്തെ ഉപഭോക്താക്കളുടെ സ്റ്റൈല്‍ സങ്കല്പ്പങ്ങളെ കൃത്യമായി മനസിലാക്കുന്ന കാന്‍ഡിയറുമായി സഹകരിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സ്മൃതി മന്ദാന പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, ആഭരണങ്ങള്‍ പ്രത്യേക അവസരങ്ങളില്‍ മാത്രം ധരിക്കാനുള്ളതല്ല. ഞാന്‍ എല്ലാ ദിവസവും ധരിക്കുന്ന ഒന്നാണത്. അത് എന്‍റെ വ്യക്തിഗത ശൈലിയുടെ ഭാഗമാണ്. പലപ്പോഴും എന്നെ ഞാനായി തോന്നിപ്പിക്കുന്ന ഒന്നാണ് അത്. കാന്‍ഡിയറിന്‍റെ  ആധുനിക രൂപകല്പനകള്‍ എന്‍റെ ചിന്താഗതിക്ക് ഏറ്റവും അനുയോജ്യമായതാണ്.  ഈ യാത്രയുടെ ഭാഗമാകാനും ബ്രാന്‍ഡിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കൂടുതല്‍ പേരിലേയ്ക്ക് എത്തിച്ചേരാനും ആഗ്രഹിക്കുന്നുവെന്നും സ്മൃതി പറഞ്ഞു.


 


ഇന്ത്യയിലുടനീളം 130-ലധികം റീട്ടെയില്‍ സ്റ്റോറുകളും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാന്നിധ്യവുമുള്ള കാന്‍ഡിയര്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലൈഫ്സ്റ്റൈല്‍ ജൂവലറി വിഭാഗത്തിന് പുതിയ രൂപം നല്‍കുന്നത് തുടരുകയാണ്. ബ്രാന്‍ഡിന്‍റെ ഓമ്നി ചാനല്‍ രീതി വഴി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റോറുകളിലൂടെയും തടസമില്ലാത്ത ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്സിന്‍റെ വിശ്വസനീയമായ പാരമ്പര്യത്തിന്‍റെ പിന്‍ബലത്തോടെ, മികച്ച കരകൗശലവിദ്യയും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ചുകൊണ്ട്, ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുന്ന ആഭരണങ്ങളാണ് കാന്‍ഡിയര്‍ നിര്‍മ്മിക്കുന്നത്.

No comments:

Post a Comment

ലക്ഷദ്വീപിലെ വാര്‍ഷിക ചൂര ഉല്‍പാദനം 50,000 ടണ്ണായി ഉയര്‍ത്തും

ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി കൊച്ചി: ലക്ഷദ്വീപിലെ വാര്‍ഷിക ചൂര (ട്യൂണ) ഉല്‍പാദനം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ...